Thursday, April 18, 2024

Saturday, November 4, 2023

കൃഷ്ണമണിയുടെ കുഴി / വിമീഷ് മണിയൂർ (Review)


 നമ്മുടെ മനസ്സും വീട്ടിലെ ടിവിയും തമ്മിൽ ഒരു ലിങ്ക് ഉണ്ടാവുക. ടിവിയിൽ കാണുന്ന പരസ്യങ്ങളിൽ നമുക്ക് ഇഷ്ടപ്പെട്ടത് വരുമ്പോൾ കണ്ണുകൾ വഴി ടിവിയിലേക്ക് ഒരു നിർദ്ദേശം പാസ് ചെയ്യപ്പെടുക. ആ പരസ്യം വീണ്ടും ആവർത്തിക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ  കണ്ണുകൾ വഴി ടിവിയിലേക്ക് സന്ദേശം അയയ്ക്കുക. സ്മാർട്ട് ടിവി അതിനെ ഒരു പർച്ചേസ് ഓർഡർ ആക്കി കമ്പനികളിലേക്കോ കടകളിലേക്കോ അയക്കുക. നമ്മുടെ കണ്ണുകളുമായി നേരത്തെ തന്നെ കണക്ട് ചെയ്യപ്പെട്ടിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി പെയ്മെൻറ് നടക്കുക. നാം മനസ്സിൽ ആഗ്രഹിക്കുന്ന സാധനം നമ്മുടെ വീട്ടുമുറ്റത്ത് ഡെലിവറി ആവുക... എത്ര സുന്ദരമായ സംവിധാനം..! വിമീസ് മണിയൂർ എഴുതിയ 'കൃഷ്ണമണിയുടെ കുഴി' എന്ന കഥയുടെ പൊരുൾ ഇതാണ്. 

ചെറുപ്പം മുതലേ ടിവി കണ്ടു കണ്ട് കണ്ണുകൾക്ക് അസുഖം ബാധിച്ച ഒരു ചെറിയ ചെക്കനെ കുറിച്ച് പറഞ്ഞാണ് കഥ തുടങ്ങുന്നത്. ഒരു സുപ്രഭാതത്തിൽ അച്ഛനോ അമ്മയോ ഓർഡർ ചെയ്യാതെ തന്നെ വീട്ടിലേക്ക് പലതരം സാധനങ്ങൾ ഡെലിവറി ചെയ്യപ്പെടുന്നു.  ഒരിക്കൽ പിസ്സ, മറ്റൊരിക്കൽ ഡൈനിങ് ടേബിൾ, പിന്നെ വസ്ത്രങ്ങൾ അങ്ങനെ പലതും. ഡെലിവറിക്ക് അനുസരിച്ച് അച്ഛൻറെ അക്കൗണ്ടിൽ നിന്നും പണം പോകുന്നുമുണ്ട്.  കഥയുടെ അവസാനത്തിലാണ്  ഇതെങ്ങനെ സംഭവിക്കുന്നു എന്ന കാര്യം പറയുന്നത്. കഥ വായിച്ചു കഴിയുമ്പോൾ  ചിരിക്കാൻ തോന്നുന്നു എങ്കിലും ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒരു കാര്യം പറയുകയാണ് കഥാകൃത്ത്. Man-Machine interlinking എന്നൊക്കെ വിളിക്കാൻ പറ്റുന്ന ഒരു സംവിധാനം.  ബ്രെയിൻ മാപ്പിങ്ങും, ഇമോഷൻ റീഡിങ്ങും ഒക്കെ വളർന്നു വികസിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം.

 2023 ഒക്ടോബർ 15 ന് ഇറങ്ങിയ ദേശാഭിമാനി വാരികയിൽ വിമീഷ് മണിയൂർ എഴുതിയ 'കൃഷ്ണമണിയുടെ കുഴി' എന്ന കഥ വായിച്ചു നോക്കുക.

Thursday, March 2, 2023

വോയ്സ് നോട്ട്

                                  - മുസ്തഫ മണ്ണാർക്കാട്


വെള്ളിയാഴ്ചത്തെ ഉച്ച ബിരിയാണിയും കഴിച്ച് ലൈബ്രറിയിൽ വന്ന് ഇരുന്നതേയുള്ളൂ, പ്രിൻസിപ്പൽ മാഡത്തിന്റെ ഫോൺ കോൾ വന്നു:  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ എക്സലൻസ് അവാർഡ് നമ്മുടെ കോളേജിനാണ് എല്ലാവർക്കും വേണ്ടി ഏറ്റുവാങ്ങിയിരിക്കുന്നു.

 സന്തോഷം, ..! കൺഗ്രാജുലേഷൻസ്....!’

 'ഒരു പത്രവാർത്ത തയ്യാറാക്കണം. നാളത്തെ പത്രത്തിൽ കൊടുക്കാനാണ്.. ഡീറ്റെയിൽസ് എല്ലാം വാട്സ് ആപ്പ് ചെയ്തിട്ടുണ്ട്’.

 അത് പതിവുള്ളതാണ്. കോളേജിൽ നടക്കുന്ന എല്ലാ പ്രധാന പരിപാടികളുടെയും പത്രവാർത്ത എഴുതി  തയ്യാറാക്കാൻ അയാളെയാണ് ചുമതലപ്പെടുത്തുന്നത്. പത്രത്തിൽ വാർത്ത വരുമ്പോൾ അത് മൂന്ന് കോളം വാർത്ത തന്നെയാവണമെന്ന് അയാൾക്ക് നിർബന്ധമുണ്ട്. അതിനുള്ള ചേരുവകൾ അയാളുടെ പക്കൽ ഉണ്ടാവും, നീട്ടി വലിച്ച് വാർത്ത തയ്യാറാക്കും .

ടേബിളിൽ കിടന്ന കണ്ണടയെടുത്ത് മൂക്കിനു മുകളിൽ ഫിറ്റ് ചെയ്ത് കമ്പ്യൂട്ടർ സ്ക്രീനിൽ കണ്ണുംനട്ട് കൈവിരലുകൾ കീബോർഡിൽ വച്ചു. ആകർഷകമായ ഒരു തലക്കെട്ട് വേണം. പതിയെ കണ്ണുകൾ അടച്ച്  ചിന്തിച്ചു കൊണ്ടിരിക്കെ മൊബൈലിൽ തുരു തുരാ മെസ്സേജ് അലർട്ടുകൾ വന്നുകൊണ്ടിരുന്നു. സാന്ദ്രയാണ്. 'മാഷേ, മാഷ് എം എസിൽ പഠിച്ചിട്ടുണ്ടോ ?'

 'ഇല്ല, എംഇഎസിൽ നാളെ ഗ്ലോബൽ അലൂമിനി മീറ്റ് നടക്കുന്നുണ്ടല്ലോ. സാന്ദ്ര പങ്കെടുക്കുന്നില്ലേ ?’

‘ഇല്ല മാഷേ, വരുന്നില്ല’

പയ്യനടം കാവിൽ ഉത്സവം നടക്കുന്നുണ്ട്.  പറ്റുമെങ്കിൽ വണ്ടി കയറിപ്പോര്, അലുംനി മീറ്റിംഗിൽ പങ്കെടുക്കാം, കാവിലെ പൂരവും കാണാം’

‘എനിക്കതിന് കഴിയില്ല, മാഷേ. മുമ്പൊരിക്കൽ ഒരു  സംഗമത്തിന് പോവാൻ ഒരുങ്ങിയതാണ്. അത് ഇപ്പോഴും മനസ്സിൽ ഒരു നെരിപ്പോട് ആയി നീറി കൊണ്ടിരിക്കുന്നുണ്ട്.’

‘?? ‘

‘അതൊരു നീണ്ട കഥയാണ്. ഞാൻ മാഷോട് പറയാം,  എനിക്കുവേണ്ടി അതൊന്ന് എഴുതി തരാമോ ? ഞാൻ ഒരുപാട് തവണ ശ്രമിച്ചതാണ്. പക്ഷേ എന്നെക്കൊണ്ടതിന് സാധിക്കുന്നില്ല’.

‘പറഞ്ഞോളൂ, ഞാൻ കേൾക്കാം.’

'ഞാൻ അല്പം വിശദമായി  തന്നെ പറയാം. മാഷ് ഫ്രീ ആവുമ്പോൾ കേട്ടാ മതി'.

'ഇപ്പോൾ അല്പം തിരക്കുണ്ട്, പെട്ടെന്ന് എഴുതണമെന്ന് പറയരുത്. ഞാൻ ഒരു എഴുത്തുകാരൻ അല്ല എന്നറിയാമല്ലോ'.

അതും പറഞ്ഞ് അയാൾ കീബോർഡിലേക്ക്  വിരലുകൾ പൂഴ്ത്തി.

വാർത്തകൾ എഴുതി തിരുത്തി ആറുമണിക്ക് മുന്നേ പത്രാഫിസിൽ എത്തിക്കണം. എങ്കിലേ അടുത്തദിവസം പ്രസിദ്ധീകരിച്ചു വരൂവാരാന്ത്യമായതിനാൽ നാട്ടിൽ പോവാനുള്ള തിടുക്കത്തിൽ ആയിരുന്നു. വാർത്തയും കൂടെ പ്രസിദ്ധീകരിക്കാനുള്ള  ഫോട്ടോയും എല്ലാ പ്രമുഖ പത്രങ്ങൾക്കും അയച്ചുകൊടുത്ത് അയാൾ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് കയറി. വൈകുന്നേരം 5:40 നു ഉള്ള കൊച്ചുവേളിക്കാണ് സ്ഥിരം യാത്ര. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാത്തതിനാൽ സെക്കൻഡ് ക്ലാസ് ടിക്കറ്റ് എടുത്തു. നല്ല തിരക്കുണ്ടായിരുന്നു അല്പം സാഹസപ്പെട്ട് തിക്കി തിരക്കി അകത്തു കയറി. നാലുപേർ ഇരിക്കുന്ന സീറ്റിൽ അഞ്ചാമനായി ഞെരുങ്ങി. വിവിധ ഓഫീസുകളിൽ നിന്നും ജോലി കഴിഞ്ഞു വരുന്ന സ്ഥിരം യാത്രക്കാർ,  പല കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾ, അയൽ സംസ്ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുന്ന മലയാളി കുട്ടികൾ, പിന്നെ ജോലിക്കായി വന്ന അതിഥി തൊഴിലാളികൾ കച്ചവടക്കാർ നാടോടികൾ കപ്പലണ്ടി വിൽപ്പനക്കാർ ചായക്കച്ചവടക്കാർ അങ്ങനെ പലതരം യാത്രക്കാരാൽ തിങ്ങിനിറനഞ്ഞ് നല്ല തിരക്കുണ്ടായിരുന്നു.

 ഇരിക്കാൻ സീറ്റ് ഇല്ലാത്തതിനാൽ  പലരും ഡോറിനും ടോയ്‌ലെറ്റിനും അടുത്തായി നിൽക്കുന്നുണ്ടായിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോൾ അയാൾ ഫോൺ എടുത്തു വാട്സാപ്പിൽ ചുരണ്ടാൻ തുടങ്ങി. സാന്ദ്ര കഥ പറയാം  എന്ന് പറഞ്ഞിരുന്നല്ലോ. അയാൾ ചാറ്റ് ബോക്സ് തുറന്നു നോക്കി. 21 വോയിസ് നോട്ടുകൾ..! ബാഗിന്റെ സൈഡ് സിബ്ബ് തുറന്ന് ഇയർബഡ്‌സ് എടുത്ത് രണ്ട് ചെവികളിലും തിരുകി ബ്ലൂടൂത്ത് കണക്ട് ചെയ്തു. സാന്ദ്രയുടെ വോയിസ് നോട്ടുകൾ ഒന്നൊന്നായി കേട്ട് തുടങ്ങി. ഉച്ചത്തിലുള്ള  ഉറച്ച ശബ്ദത്തിലാണ് സാന്ദ്രയുടെ സംസാരം. അതാവട്ടെ കുത്തും കോമയും ഇല്ലാതെ നീണ്ടു നീണ്ടുപോവുകയും ചെയ്യും.

 പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പ് എടുത്ത് എംഇഎസിൽ പഠിക്കാൻ ചേർന്ന കാലം. അന്നത്തെ കൗമാരത്തിന് വല്ലാത്ത നാണമായിരുന്നു. ആൺ-പൺ സൗഹൃദങ്ങൾ നന്നേ കുറവുള്ള കാലം. ആൺകുട്ടികളും പെൺകുട്ടികളും കലർന്നിരിക്കുകയോ, ചേർന്ന് നിൽക്കുകയോ ഒറ്റക്കിരുന്ന് സംസാരിക്കുകയോ ചെയ്യുന്നത് അപൂർവ്വവും അതിശയകരവും ആയിരുന്ന കാലം. സ്കൂൾ മുറികളിൽ നിന്നും കോളേജ് ക്യാമ്പസിലേക്ക് എത്തിയപ്പോൾ വളർന്നു മുതിർന്ന കുട്ടികളായത് പോലെ ഒരു തോന്നൽ. പുതിയ കൂട്ടുകാരും അധ്യാപകരും ആദ്യ നാളുകളിൽ പരിചയപ്പെടുന്നതിന്റെ തിരക്കായിരുന്നു. ക്ലാസിന് പുറത്ത് സീനിയേഴ്സ് കൂട്ടം ചേർന്ന് പേരും ഊരും അറിയാൻ തിരക്കുകൂട്ടും. ഇടക്കൊക്കെ റാഗിംഗ് വരെ എത്തും. തങ്ങൾക്ക് പുറകെ വരുന്ന ജൂനിയേഴ്സിനെ വഴി തടഞ്ഞ് പരിചയപ്പെടുന്നതും സംരക്ഷണം ഏറ്റെടുക്കുന്നതും സീനിയേഴ്സിൻറെ ജന്മാവകാശമാണ്. പരിചയപ്പെടൽ അതിരുകടന്നാലും അത് ഒരു അപരാധം ഒന്നുമല്ലല്ലോഅപകർഷതയുടെ ആദ്യ ദിനങ്ങൾ അങ്ങനെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ജൂൺമാസ മഴയോടൊപ്പം സൗഹൃദത്തിൻറെ പുതുനാമ്പുകൾ മിഴി തുറക്കാൻ തുടങ്ങി.

 ഇത്രയും പറഞ്ഞ് എത്തിയപ്പോൾ സാന്ദ്രയുടെ വോയിസ് നോട്ട് മുറിഞ്ഞു വീണു. അയാൾ ഇയർബഡ്സുകൾ ഊരി ഉള്ളൻ കയ്യിലെടുത്ത് താലോലിച്ചു കൊണ്ടിരുന്നു.  അസഹ്യമായ ഒരു ഞരക്കത്തോടെ ട്രെയിൻ ബ്രേക്ക് ഇട്ടതും വേഗത കുറഞ്ഞതും അയാൾ അറിഞ്ഞു. ഇരിക്കാൻ സീറ്റ് കിട്ടാത്ത വിദ്യാർത്ഥി സുഹൃത്തുക്കൾ അപ്പോഴും വാതിൽപ്പടിയിൽ നിൽപ്പുണ്ടായിരുന്നു. വീഴാതിരിക്കാൻ അവർ പരസ്പരം പിടിച്ചിട്ടുണ്ടായിരുന്നു. കൂട്ടത്തോടെ കയറി വന്നിരുന്ന കൗമാരക്കൂട്ടം എങ്ങനെയാണെന്ന് അറിയില്ല ഇപ്പോൾ ഇണകളായി ഒട്ടിച്ചേർന്ന് നിൽക്കുന്നു. നീട്ടി വളർത്തിയ ചെമ്പൻ മുടിത്തലകൾ കാറ്റിൽ പാറിപ്പറക്കുന്നുണ്ട്. കഴുത്തിലും കൈത്തണ്ടയിലും കാലിൻറെ കണം കാലിനു മുകളിലും പല വർണ്ണത്തിലുള്ള ചരടുകളും, കാതുകളിൽ കറുത്ത കമ്മലുകളും ഒക്കെ അണിഞ്ഞിട്ടുണ്ട്. ഫ്രീക്കൻ ജനറേഷൻ ആയതിനാൽ ഇതിനൊന്നും പ്രത്യേകിച്ച് റൂളുകൾ ഒന്നുമില്ല. കാരണവന്മാരായി ആചരിച്ചു പോന്നിരുന്ന സമൂഹത്തിന്റെ റൂൾസ് എല്ലാം ബ്രേക്ക് ചെയ്യുക എന്നതാണ് ന്യൂജൻ റൂൾസ്. അയാൾ ഒരു കൗതുകത്തോടെ അവരെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ട്രെയിൻ ബോഗികൾ ഉലയുമ്പോൾ കൈവിരലുകൾ ചേർത്തുപിടിച്ചും നെഞ്ചോട് അമർന്ന് നിന്നും പരസ്പരം വീഴാതെ നോക്കുന്നുണ്ട്. കാതുകളിൽ അടക്കം പറഞ്ഞും പൊട്ടിച്ചിരിച്ചും  കഴുത്തിൽ കൈ ചുറ്റിപ്പിടിച്ച് തൂങ്ങി ആടിയും അവർ അങ്ങനെ ലയിച്ചു നിൽക്കുന്നു. ആ രസച്ചരടിനെ മുറിക്കുന്ന ചില അപശബ്ദങ്ങൾ ഉയർന്നു കേട്ടപ്പോൾ അയാളും തല നീട്ടി നോക്കി. കെട്ടിപ്പിടിച്ച് വഴിയടച്ച് നിൽക്കുന്ന കൗമാര ജോഡികളെ  അസഹിഷ്ണുതയോടെ ചീത്ത പറയുകയാണ്. പുറത്തേക്ക് നോക്കിയപ്പോൾ മഞ്ഞനിറത്തിലുള്ള വലിയ കോൺക്രീറ്റ് ബോർഡിൽ കറുത്ത  അക്ഷരങ്ങളിൽ കായംകുളം ജംഗ്ഷൻ എന്ന്  എഴുതി വെച്ചത് കണ്ടു. പ്ലാറ്റ്ഫോമിൽ അകത്തേക്ക് കയറാനായി തിക്കും തിരക്കും കൂട്ടുന്ന യാത്രക്കാർ. കായംകുളത്ത് ഇറങ്ങാൻ പെട്ടിയും ബാഗും സഞ്ചിയുമായി വാതിലിനടുത്തേക്ക് നീങ്ങുന്ന യാത്രക്കാർ അകത്തും. രണ്ടുകൂട്ടർക്കും വഴിതടസ്സം ഉണ്ടാക്കി കൗമാരജോഡികൾ ഒട്ടിച്ചേർന്ന് നിൽക്കുന്നു. കൂടുതൽ വാക്ക് തർക്കത്തിന് നിൽക്കാതെ കയറുന്നവർക്കും ഇറങ്ങുന്നവർക്കും വഴി തടസ്സം ഉണ്ടാക്കാതെ കൗമാരജോഡികൾ പുറകോട്ടു  വലിഞ്ഞ്  സൗകര്യം ചെയ്തു കൊടുത്തു. അയാൾ ഇരിക്കുന്നതിന് എതിർ വശത്തെ സീറ്റുകളിൽ നിന്ന് ആളൊഴിഞ്ഞപ്പോൾ ഒരു ജോഡി അവിടേക്ക് ചേക്കേറി

സാന്ദ്രയുടെ വോയിസുകൾക്കായി അയാൾ വീണ്ടും കാതുകൂർപ്പിച്ചു. സാന്ദ്ര തുടർന്നു. ക്ലാസുകൾ തിയറിയായും പ്രാക്ടിക്കൽ ആയും മുന്നേറിക്കൊണ്ടിരിക്കവേ ക്ലാസിലെ സുമുഖനും സുന്ദരനും സർവ്വോപരി പഠിപ്പിസ്റ്റുമായ ആയ എൽദോയുടെ മനസ്സിൻറെ ഉള്ളിൽ ഒരു നോവ്  അനുഭവപ്പെടുന്നു. പൊതുവേ പെൺകുട്ടികളിൽ നിന്നും അകലം സൂക്ഷിക്കുകയും ആൺ കൂട്ടുകെട്ടുകൾ ആഘോഷമാക്കുകയും ചെയ്യുന്ന ആളായിരുന്നു എൽദോതന്റെ മനസ്സിന്റെ നോവുന്ന അസ്വസ്ഥതയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ എൽദോ ഏറെ പ്രയാസപ്പെട്ടു. പഠിച്ചും മാർക്ക് വാങ്ങിയും ഏറെ മുന്നേറണമെന്നും ഭാവിയിൽ ആരാവണം എന്നൊക്കെ കൃത്യമായ പ്ലാനിങ്ങോട് കൂടി കോളേജിൽ ചേർന്നതാണ്. ലക്ഷ്യം വഴി മാറിപ്പോയി കൂടാ. അത് മാത്രമല്ല തൻറെ മനസ്സിൽ കുളത്തിട്ട് വലിക്കുന്ന പെൺകുട്ടി ക്ലാസിലെ ഏറ്റവും മര്യാദക്കാരിയാണ്. അവളെങ്ങാനും ഇത് അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം. എൽദോയുടെ മനസ്സ് ഓരോ ദിവസവും നീറിപ്പുകയാൻ തുടങ്ങി മനസ്സിൻറെ വിങ്ങലുകൾ കൂട്ടുകാരിൽ നിന്നും മറച്ചുവെക്കാൻ അവന് വല്ലാതെ കഷ്ടപ്പെടേണ്ടി വന്നു. കെമിസ്ട്രി ലാബിന്റെ മുന്നിൽ ആകാശത്തോളം വളർന്ന് പന്തലിച്ച് തണൽ വിരിച്ച് നിൽക്കുന്ന ഗുൽമോഹർ കാലംതെറ്റി പൂത്തുലഞ്ഞിരിക്കുന്നു. പ്രാക്ടിക്കലിനായി ലാബിലേക്ക് നടന്ന് പോകുമ്പോഴാണ്  അത് എൽദോയുടെ ശ്രദ്ധയിൽ പതിഞ്ഞത്. ഒരുപാട് പൂമൊട്ടുകൾ വിടരാതെ വീണിരിക്കുന്നു. ചിലത് പാതി മാത്രം വിരിഞ്ഞും ഞെട്ടറ്റ് വീണു കിടക്കുന്നു. അനാഥമായി വീണു കിടക്കുന്ന പൂമൊട്ടുകളിൽ ഒന്ന് അവൻ കുനിഞ്ഞ് എടുത്തു. ഇതളുകൾ ഓരോന്നായി അടർത്തിയെടുക്കാൻ ശ്രമിച്ചു. അകത്ത് കടും ചുവപ്പ് നിറത്തിൽ രക്തം കട്ടയായി കെട്ടി കിടക്കുന്നത് അവൻ കണ്ടു. അങ്ങകലെ കടും നീല നിറത്തിൽ സൈലൻറ് വാലി മലനിരകൾ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. സ്ഥലകാലബോധം തിരിച്ചു കിട്ടിയപ്പോൾ അവൻ കെമിസ്ട്രി ലാബിലേക്ക് നടന്നു. വർക്ക് ബഞ്ചിന്റെ ഇരുവശങ്ങളിലും രണ്ടും മൂന്നും പേരുള്ള ഗ്രൂപ്പുകളായി കുട്ടികൾ നിറഞ്ഞിരിക്കുന്നു. വാതിൽ കടന്നുചെന്നപ്പോൾ ആദ്യം കണ്ട ഗ്രൂപ്പിൽ അവനും ചേർന്നു. കണിശക്കാരനായ റഹീം സാർ ചെയ്യാനുള്ള എക്സ്പെരിമെന്റുകൾ വിശദീകരിച്ചു കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളെല്ലാം അദ്ദേഹത്തിലേക്ക് തന്നെ ശ്രദ്ധിക്കുകയാണ്. തന്റെ വിശദീകരണം കഴിഞ്ഞപ്പോൾ പറഞ്ഞു കൊടുത്ത എക്സ്പിരിമെന്റ് ചെയ്തു നോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾ വർക്കിലേക്ക് തിരിഞ്ഞു. അപ്പോഴാണ് കൂടെ നിൽക്കുന്നവരെ എൽദോ ശ്രദ്ധിച്ചത്, ഫായിസയും സിന്ധുവും...! അവന്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക് അരിച്ചു കയറി തലച്ചോറിന് ചുറ്റും വട്ടം കറങ്ങി. ഒരു നിമിഷം അവന്റെ കണ്ണുകളിൽ മങ്ങൽ വീണു.

ലാബ് അസിസ്റ്റൻറ് മനോഹരൻ ചേട്ടൻ കഴുകിവച്ചിരുന്ന 250ml കോണിക്കൽ ഫ്ലാസ്ക്  എടുത്ത് അതിൽ ജലാംശം ഇല്ലെന്ന് ഉറപ്പുവരുത്തി. നോട്ട് നോക്കി അളവ് തെറ്റിക്കാതെ സോഡിയം ഹൈഡ്രോക്സൈഡ് (NaOH) ബേസ് എടുത്ത് ഫ്ലാസ്ക്കിലേക്ക് ഒഴിച്ചു. C20H14O4 എന്ന ലേബൽ ഒട്ടിച്ച ബോട്ടിലിൽ നിന്നും ഇൻഡിക്കേറ്റർ ആയ ഫിനോൾഫ്തലിൻ ഡ്രോപ്പറിൽ എടുത്ത് ഫ്ലാസ്കിൽ ഒഴിച്ച് വെച്ച ബേയിസിലേക്ക് തുള്ളിതുള്ളിയായി വീഴ്ത്തി. കോണിക്കൽ ഫ്ലാസ്കിന്റെ മുകൾ ഭാഗത്ത് പിടിച്ച് ഉയർത്തി ഘടികാര ദിശയിൽ കുലുക്കി. മിശ്രിതം പിങ്ക് നിറത്തിൽ തെളിഞ്ഞുവന്നു. കൂടെയുള്ളവർക്ക് കൂടി കാണാവുന്ന തരത്തിൽ മുഖത്തോളം  ഉയർത്തിപ്പിടിച്ച് ഫ്ലാസ്കിലെ ലായനിയിലൂടെ നോക്കിയപ്പോൾ, ചോര കിനിയുന്ന  കണ്ണുകളും ചുവന്ന ചുണ്ടുകളും ഉള്ള എൽദോസിനെ കണ്ടതും സിന്ധുവിന്റെ നെഞ്ചിൽ ഒരു ഇടിത്തി വീണു. അവൾ വല്ലാതെ പരവശയായി. കൈ വിറക്കുന്നതു പോലെ തോന്നിയപ്പോൾ ഫ്ലാസ്ക് വർക്ക്ബെഞ്ചിൽ വച്ചു. അവളുടെ നിശ്വാസത്തിന്റെ ശബ്ദം കാതുകളിൽ അലയടിച്ചു. അവൾ കണ്ണുകൾ താഴ്ത്തി മുഖത്ത് പുഞ്ചിരി വരുത്തി തന്റെ പരവേശം ഫായിസയും എൽദോസും കണ്ടുവോ എന്ന് പേടിച്ചു. പരീക്ഷണത്തിന്റെ അടുത്തഘട്ടം പൂർത്തിയാക്കിയത് ഫായിസയാണ്.  ബ്യുററ്റിൽ  ഒഴിച്ചു വച്ചിരുന്ന സൾഫ്യുറിക് ആസിഡ് എടുത്ത് ഫ്ലാസ്കിലെ   മിശ്രിതത്തിലേക്ക്  അൽപ്പാൽപ്പമായി ഇറ്റിച്ചു ചേർത്ത് നിരീക്ഷിച്ചു. മൂവരും ചേർന്ന ചർച്ചകൾക്കൊടുവിൽ കിട്ടിയ റിസൾട്ട് ലാബ് റെക്കോർഡിൽ എഴുതിച്ചേർത്തു.

ട്രെയിനിന്റെ വരവ് അറിയിച്ചുകൊണ്ട് സ്റ്റേഷനിൽ നിന്നും കിളിനാദം കേട്ടപ്പോൾ ആണ് ആലപ്പുഴ എത്തിയത് അറിഞ്ഞത്. അയാൾ കാലുകൾ മുന്നിലേക്ക് നീട്ടി വെച്ച് ഇരിപ്പൊന്ന് ഇളക്കി പുറകു വശത്തേക്ക് ചാരി. പ്ലാറ്റ്ഫോമിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്ന ചായ-സമൂസ ശബ്ദം കേട്ടിട്ടാവണം മുന്നിലെ സീറ്റിൽ മയക്കത്തിലായിരുന്ന കൗമാര ജോഡികൾ തല ഉയർത്തി. ബാഗ് മടിയിൽ വച്ച് അതിനുമേൽ കുനിഞ്ഞ്  കിടക്കുകയായിരുന്ന പയ്യൻറെ അരയിൽ കെട്ടിപ്പിടിച്ച് അവൻറെ പുറത്ത് തല വെച്ച് കിടക്കുകയായിരുന്നു പെൺകുട്ടി. അവൻ എണീറ്റതും അവളുടെ മയക്കം മുറിഞ്ഞു. നിവർന്നിരുന്ന അവൻറെ കഴുത്തിന് ചുറ്റും രണ്ട് കൈകളും ചുറ്റി വെച്ച് ചുമലിൽ തല വച്ചു. ഇടക്ക് തല ഉയർത്തി മാസ്ക് നീക്കാതെ തന്നെ അവൻറെ ചെവിക്ക് താഴെ കഴുത്തിനും കവിളിനും ഇടക്ക് അലസമായി ഉമ്മവച്ചു. അവൻ അതൃപ്തിയോടെ മുഖം തിരിച്ച്അവളെ നോക്കിയപ്പോൾ മാസ്ക് താഴ്ത്തി വെച്ച് അവൻറെ കവിളിനോട് ചുണ്ടുകൾ ചേർത്ത് കണ്ണുകൾ ഇറക്കി അടച്ച്അവനിലേക്ക് കൂടുതൽ ചേർന്നിരുന്നു. അവരുടെ ഇടത്തും വലത്തും മുന്നിലും മുകൾ ബർത്തിലും ഇരിക്കുന്ന മുതിർന്നവരും ചെറുപ്പക്കാരും സ്ത്രീകളുമായ യാത്രക്കാർ ആരും ഇതൊന്നും കണ്ടതായി ഭാവിച്ചതേയില്ല. ട്രെയിൻ സാധാരണത്തേതിൽ  കൂടുതൽ സമയം സിഗ്നലിന് വേണ്ടി പിടിച്ചിട്ടപ്പോൾ അയാൾ എഴുന്നേറ്റ് പുറത്തിറങ്ങി പ്ലാറ്റ്ഫോമിലൂടെ വെറുതെ നടന്നു. ആവശ്യമില്ലാതിരുന്നിട്ടും ഒരു കപ്പ് ചായ വാങ്ങി കയ്യിൽ പിടിച്ചു. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ സീറ്റിൽ വന്നിരുന്ന് സാന്ദ്രയുടെ വോയിസ് ക്ലിപ്പുകൾ കേൾക്കാൻ തുടങ്ങി.

കാലം പിന്നെയും കടന്നുപോയി. കുന്തിപ്പുഴയിൽ പിന്നെയും കുറെ വെള്ളം ഒഴുകി. കോളേജുകളിൽ സെമസ്റ്റർ കാലം വരുന്നതിനു മുമ്പായിരുന്നു അത്. ആർട്സും സ്പോർട്സും യുവജനോത്സവവുംസാഹിത്യ ചർച്ചയും, സൈദ്ധാന്തിക ചർച്ചകളും, യൂണിയൻ പ്രവർത്തനങ്ങളും കൊണ്ട്  വർഷം മുഴുവൻ ക്യാമ്പസുകളിൽ ഉത്സവങ്ങൾ കൊടിയേറിയ കാലം. കൊല്ലപ്പരീക്ഷാ സമയത്ത് മാത്രമാണ് ക്യാമ്പസുകൾ അല്പമെങ്കിലും ശാന്തവും മൂകവും ആയത്. തിയറി ക്ലാസുകളിൽ എൽദോസ് ഉണ്ടാകുന്നത് വളരെ വിരളമായിരുന്നു. അവൻ ക്ലാസിൽ ഇരിക്കുന്ന ദിവസങ്ങളിൽ സിന്ധുവിന്റെ കണ്ണുകൾക്ക് തിളക്കം പതിന്മടങ്ങാവും. അവാജ്യമായ ഉന്മേഷവും പേരറിയാത്ത ഒരു ആവേശവും അവളിൽ സന്നിവേശിക്കും. ഒരിക്കൽ പോലും അവരുടെ കണ്ണുകൾ പരസ്പരം ഉടക്കിയിട്ടില്ല, ഇഷ്ടം പറഞ്ഞിട്ടുമില്ല. പക്ഷേ അവൻറെ സാന്നിധ്യം സിന്ധുവിന് ആവേശമായി മാറി. അവൾ പോലും അറിയാതെ അവളുടെ  കൺകോണുകളിൽ ഒളിഞ്ഞിരുന്ന് വലതുവശത്തെ ബെഞ്ചിൽ ഇരിക്കുന്ന എൽദോയുടെ നീണ്ടു മെലിഞ്ഞ കൈവിരലുകളുടെ ചലനങ്ങളെ  ഒരു ആരാധനയോടെ കട്ട് നോക്കിയിട്ടുണ്ട് അവളുടെ കൃഷ്ണമണികൾ...! ക്ലാസുകൾ കട്ട് ചെയ്ത് കൂട്ടുകാരോടൊപ്പം ചേർന്ന് കുന്തിപ്പുഴ മുറിച്ചു കിടന്ന് പ്രതിഭയിലും ഓർക്കാസിലും കളിക്കുന്ന സിനിമകൾ എല്ലാം കണ്ട് നടക്കും. വൈകുന്നേരം കോളേജ് വിടുന്ന സമയത്ത് തിരിച്ചെത്തും. എന്നിരുന്നാലും പ്രാക്ടിക്കൽ ക്ലാസുകൾ അവൻ മുടക്കാതെ അറ്റൻഡ് ചെയ്തു. നഷ്ടപ്പെട്ട തിയറി ക്ലാസുകളുടെ നോട്ടുകൾ കൂട്ടുകാരിൽ നിന്നും പകർത്തി എഴുതി. എല്ലാകാലത്തെയും പോലെ അക്കാലത്തും പെൺകുട്ടികളായിരുന്നു നോട്ട് എഴുതുന്നതിൽ മികവ് പുലർത്തിയിരുന്നത്. അവൻ ഇല്ലാത്ത ദിവസങ്ങളിൽ സിന്ധു അതീവ ശ്രദ്ധയോടെ നോട്ടുകൾ തയ്യാറാക്കി. പലപ്പോഴും അവനുകൂടി വേണ്ടി നോട്ടുകൾ തയ്യാറാക്കി  എന്ന് പറയുന്നതാവും ശരി. ഒരു നല്ല സുഹൃത്തായി അവന് നഷ്ടപ്പെട്ട പാഠഭാഗങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. അത് മിക്കവാറും എല്ലാ കൂട്ടുകാരോടും ചേർന്ന് ക്ലാസ്സിലോ ലാബിലോ ഗുൽമോഹർ തണലിലോ ഒക്കെ വച്ചായിരുന്നു. വളരെ അപൂർവമായി മാത്രം ക്ലാസിൽ തനിച്ചായി. ഒരാൾക്കും അവരെക്കുറിച്ച് ഒരു സംശയവും തോന്നിയില്ല. അവർക്ക് തന്നെയും അവരെക്കുറിച്ച് ഒരു സംശയവും ഇല്ലായിരുന്നു. രണ്ടുപേരും നല്ല സുഹൃത്തുക്കൾ മാത്രം.

അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഒരു ഇന്റർവെൽ സമയത്ത് ബാക് ബെഞ്ചിൽ ഇരിക്കുന്ന സന്തോഷ് ഒരു പ്രണയഭ്യർത്ഥനയുമായി വരുന്നത്. 'അയ്യോ സന്തോഷ് നീ....' എന്ന് സിന്ധു മനസ്സിൽ അത്ഭുതം കൂറി. ക്ലാസിലെ മറ്റനേകം കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു സന്തോഷ്. ചിലപ്പോഴൊക്കെ എൽദോസിന്റെ കൂടെ നടക്കുന്നത് കണ്ടിട്ടുണ്ട്. സന്തോഷിന്റെ ചോദ്യത്തിന് സിന്ധു മറുപടിയൊന്നും പറഞ്ഞില്ല. ഒരു നീരസം അവളുടെ മുഖത്ത് പടരുന്നതായി സന്തോഷ് കണ്ടു. പിന്നീട് അതേക്കുറിച്ച് ഒരു ചർച്ചയും ഉണ്ടായില്ല. രണ്ടുപേരും അതേക്കുറിച്ച് ഓർത്തതുമില്ല.

വാർഷിക പരീക്ഷയോട് അടുത്ത ഒരു ദിവസം ലൈബ്രറിയിലെ ടെക്സ്റ്റ് ബുക്ക് സെക്ഷനിൽ പുസ്തകം തപ്പി നടക്കുകയായിരുന്നു സിന്ധു. കാറ്റലോഗിൽ തപ്പി തെരഞ്ഞ് ഫിസിക്കൽ കെമിസ്ട്രയുടെ ക്ലാസ് നമ്പർ ഒരു തുണ്ട് പേപ്പറിൽ കുറിച്ചെടുത്തു. ‘നമ്പർ 541.3 ADA/P, ഫിസിക്കൽ കെമിസ്ട്രി ഓഫ് സർഫെയ്‌സസ്’  എന്ന് മനസ്സിൽ  ഉരുവിട്ടുകൊണ്ട് ഷെൽഫിലിരിക്കുന്ന പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു നടക്കുന്നതിനിടയിലാണ് പുറകിൽ നിന്നും സന്തോഷിന്റെ വിളി കേട്ടത്. ആമുഖങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു അവൻറെ ചോദ്യം:

'സിന്ധു നിനക്ക് നമ്മുടെ ക്ലാസിലെ ഒരാളോട് ഇഷ്ടമാണല്ലേ? നീ ശരിക്കും അവനെ സ്നേഹിക്കുന്നുണ്ടോ? എൽദോസിന്റെ ഒരു ചെറിയ ഫോട്ടോ എൻറെ കയ്യിൽ ഉണ്ട്, പരീക്ഷ കഴിഞ്ഞാൽ പിന്നെ കാണാൻ പറ്റില്ലല്ലോ. നിനക്ക് വേണോ?   

അവൾ വേണ്ടെന്നു തലയാട്ടി. അവളുടെ ഉള്ളിൽ എവിടെയോ ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. അതിൻറെ പുകയും പൊടിയും അവളുടെ കണ്ണുകളിൽ ആകെ പടർന്നു. ഇവൻ ഇത് എങ്ങനെ അറിഞ്ഞു? വേറെ ആർക്കൊക്കെ അറിയാം? ലെറ്റി  ടീച്ചറോ അന്നമ്മ ടീച്ചറോ അറിഞ്ഞാൽ? ദൈവമേ രണ്ടുപേർക്കും അമ്മയെ നന്നായി അറിയാം. വിവരമെങ്ങാൻ അച്ഛൻറെ കാതുകളിൽ എത്തിയാൽ പിന്നെ എന്തായിരിക്കും സംഭവിക്കുക? അവൾ ആകെ തകർന്നു. ശരീരം മുഴുവൻ വിറകൊണ്ടു, നെറ്റിയിലും മൂക്കിൻറെ തുമ്പത്തും വിയർപ്പ് തുള്ളികൾ പൊടിഞ്ഞു. കൺകോണുകൾ നിറഞ്ഞു, അവൾ ലൈബ്രറിയിൽ നിന്നും ഇറങ്ങി ഓടി. ക്ലാസ് മുറിയിലേക്കാണ് ഓടിയതെങ്കിലും അവൾക്ക് അവിടെ കയറാൻ കഴിഞ്ഞില്ല. ടോയ്ലറ്റിൽ പോകണം എന്ന് തോന്നി. രണ്ട് ചോദ്യങ്ങൾ ആയിരുന്നു സിന്ധുവിന്റെ മനസ്സിൽ അപ്പോൾ കൊള്ളിയാൻ പോലെ മിന്നി കൊണ്ടിരുന്നത്. ഒന്ന്, തന്റെ മനസ്സിന്റെ പത്തായക്കെട്ടിനകത്ത് രഹസ്യമായി സൂക്ഷിച്ചിരുന്ന ഇക്കാര്യം എങ്ങനെ പുറത്തറഞ്ഞു. ഇനി എൽദോസ് എങ്ങാനും പറഞ്ഞതാകുമോ? അങ്ങനെയെങ്കിൽ എൽദോസ് എങ്ങനെ അറിഞ്ഞു? അപ്പോൾ എൽദോക്ക് തന്നോടും പ്രണയം ഉണ്ടായിരുന്നോ? രണ്ട്, വിവരമെങ്ങാൻ വീട്ടിൽ അറിഞ്ഞാൽ എന്തെല്ലാം പ്രശ്നങ്ങൾ ആയിരിക്കും ഉണ്ടാവുക? അമ്മയോട് എന്തുപറയും? അച്ഛൻറെ മുഖത്ത് ഇനി എങ്ങനെ നോക്കും? തൻറെ പഠനം ഇതോടെ അവസാനിക്കുമോ? പിന്നെ ഭാവി എന്തായിരിക്കും? ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ ഫണം വിടർത്തി അവൾക്ക് നേരെ ഇഴഞ്ഞിഴഞ്ഞ് വരുന്നതായി അവൾ കണ്ടു. സിന്ധു ടോയ്റ്റിന്റെ കതക് തുറന്നു പുറത്തേക്ക് ഓടി.

വീട്ടിലെത്തിയിട്ടും അവൾക്ക് സ്വസ്ഥത കിട്ടിയില്ല. ഫണം വിടർത്തിയ കരിനാഗങ്ങൾ ചോദ്യങ്ങളായി അവൾക്ക് ചുറ്റും ഇഴഞ്ഞു. ഉണ്ണാനോ ഉറങ്ങാനോ പുസ്തകങ്ങൾ തുറന്നു നോക്കാൻ പോലുമോ അവൾക്ക് ആയില്ല. എൽദോ എന്നെ സ്നേഹിച്ചിട്ടും അവൻ എന്നോട് എന്തുകൊണ്ട് അത് പറഞ്ഞില്ല? അവൻറെ  നെറ്റിയിലേക്ക് വീണു കിടക്കുന്ന നീണ്ട മുടിയും, മഞ്ഞ് മൂടിയ കണ്ണുകളും, നീണ്ട് മെലിഞ്ഞ വിരലുകളും അവൾ ഓർത്തു കൊണ്ടിരുന്നു. അധ്യാപകർ ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ ചുണ്ടുകളിൽ മിന്നി മറയുന്ന നിലാവ് പോലുള്ള മന്ദഹാസത്തിന് എന്തൊരു ഭംഗിയാണ്..! കൂട്ടുകാരോടൊത്ത് കമ്പനി കൂടുമ്പോൾ അവന്  എന്തൊരു എനർജിയാണ്..! സിന്ധുവിന്റെ ചിന്തകൾ ഒരു ചുവന്ന കുതിരപ്പുറത്ത് കയറി സവാരി നടത്തുകയാണ്. കാൽപാദം മൂടുന്ന വെളുത്ത നീളനുടുപ്പിട്ട്, തലയിൽ വെള്ളിക്കിരീടവും ചൂടി, മഞ്ഞയും ചുവപ്പും വയലറ്റും പൂക്കൾ കാറ്റിലാടുന്ന സ്വപ്നങ്ങളുടെ പൂന്തോട്ടത്തിലെ ഒറ്റയടിപ്പാതയിലൂടെ, ഇളം കാറ്റിൽ ഒഴുകും പോലെ ഒരു സവാരി...

കൊല്ലപ്പരീക്ഷ കഴിയുന്നതിന് രണ്ട് ദിവസം മുമ്പാണ്; പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എൽദോ വരാന്തയുടെ അങ്ങേയറ്റത്ത്, മഞ്ഞനിറം പൂശിയ തൂണും ചാരി ദൂരെ എവിടെയോ നോക്കി നിൽക്കുന്നു. സിന്ധു അടുത്ത് ചെന്ന് പരീക്ഷയെക്കുറിച്ച് ചോദിച്ചു. രണ്ടുപേർക്കും പരീക്ഷകൾ എളുപ്പമായിരുന്നു. 'എന്താണ് അടുത്ത പരിപാടി?' 'പഠിക്കണം, നല്ലൊരു ജോലി നേടണം, കുടുംബത്തെ സഹായിക്കണം, പിന്നെ... നല്ലൊരു ഇണയെ കണ്ടെത്തണം.' അവൻ ചിരിച്ചു, അവളും ചിരിച്ചു, പിന്നെ നാണം കൊണ്ട് തലതാഴ്ത്തി. 'പരീക്ഷ കഴിഞ്ഞാൽ പിന്നെ നമ്മൾ കാണില്ലേ?' സിന്ധു ചോദിച്ചു. 'കാണുമായിരിക്കും, എന്നെങ്കിലും.' അവൻറെ ശബ്ദം ഇടറുന്നതായി അവൾക്ക് തോന്നി. പിന്നെ അവിടെ കൂടുതൽ സമയം നിൽക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. 'അപ്പോ... കാണാം, എന്നെങ്കിലും'. എന്ന് മാത്രം പറഞ്ഞ്, കൈവീശി അവൾ തിരിഞ്ഞു നടന്നു.

തുറന്നിട്ട ജനാല കമ്പികളിൽ വീണു ചിതറിയ ഒരു മഴത്തുള്ളി തെറിച്ച് അയാളുടെ കവിളിൽ പതിച്ചു. വെള്ളത്തിന് എന്തൊരു തണുപ്പാണ്!. വേനൽ മഴയാണ്. പുറത്തേക്ക് നോക്കിയപ്പോൾ എറണാകുളം സ്റ്റേഷനിൽ  എത്തിയിരിക്കുന്നു. രാത്രി ഭക്ഷണത്തിന് വല്ലതും വാങ്ങി വെക്കുന്നത് എറണാകുളത്ത് എത്തുമ്പോഴാണ്. പാലക്കാട് ട്രെയിൻ ഇറങ്ങി കെ.എസ്‌.ആർ.ടി.സി. പിടിച്ച് വീട്ടിലെത്തുമ്പോൾ രാത്രിയുടെ രണ്ടാം പകുതി കഴിഞ്ഞിട്ടുണ്ടാവും. പിന്നെ ഭക്ഷണമില്ല. മൂന്ന് ചപ്പാത്തിയും ഒരു മുട്ടയും അല്പം കറിയും, 60 രൂപയാണ് വില. തൃശ്ശൂർ സ്റ്റേഷനിൽ നിന്നാവുമ്പോൾ 50 രൂപക്ക് കിട്ടും, മുട്ട ഉണ്ടാവില്ല. മഴച്ചാറ്റൽ ഉള്ളതിനാൽ കച്ചവടക്കാരാരും ബോഗിയുടെ അടുത്തേക്ക് വന്നില്ല. പുറത്തിറങ്ങുവാൻ അയാൾ മടിച്ചു. ഇന്നത്തെ രാത്രി ഭക്ഷണത്തിൻറെ കാര്യത്തിൽ തീരുമാനമായി എന്നയാൾ മനസ്സിൽ കരുതി. സഹയാത്രികരെല്ലാം മയക്കത്തിലാണ്. ട്രെയിൻ മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോൾ അയാൾ സാന്ദ്രയുടെ വോയിസ് നോട്ടുകളിലേക്ക്  തന്നെ തിരികെ പോയി.

സോഷ്യൽ മീഡിയയിൽ കോളേജ് ഗ്രൂപ്പുകൾ സജീവമായപ്പോൾ നഷ്ടപ്പെട്ട കുറേ സുഹൃത്തുക്കളെ തിരികെ കിട്ടി. പല മുഖങ്ങളും അപ്പോഴേക്കും  മനസ്സിൽ നിന്നും മറഞ്ഞിരുന്നു. നിരന്തരമായ ചർച്ചകളും സംസാരങ്ങളും ഫോട്ടോകളും കണ്ടും കേട്ടും പഴയ  ചങ്ങാതിക്കൂട്ടവും സൗഹൃദവും വീണ്ടും സജീവമായി. ജോലി വിശേഷവും കുടുംബ വിശേഷങ്ങളും ഒക്കെ എല്ലാവരും പങ്കുവെച്ചുകൊണ്ടിരുന്നു. എൽദോ ഇപ്പോൾ കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ്. ഒരു വലിയ .ടി. കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നു. ഒരു കൗതുകത്തിന് സിന്ധു എൽദോയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കയറി നോക്കി. അവൻ ഇപ്പോഴും എത്ര സുന്ദരനാണ്..! അവന്റെ കൂട്ടുകാരോടൊത്തും കുടുംബത്തോടൊപ്പം നിന്നും എടുത്ത കുറെ നല്ല ഫോട്ടോകൾ കണ്ട് അവൾ സന്തോഷിച്ചു. സിന്ധു സമയത്ത് ജോലി ചെയ്യുന്നത് എംഇഎസ് കോളേജിന് അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചർ ആയിട്ടാണ്. സ്കൂളിൽ നിന്ന് നടക്കാവുന്ന ദൂരത്ത് ആണ് വീട് വാടകക്കെടുത്ത് കുടുംബത്തോടൊപ്പം താമസം. ഭർത്താവ് രാവിലെ ജോലിക്ക് പോയാൽ മക്കളെ സ്കൂളിൽ കൊണ്ടുപോയി ആക്കി, തൻറെ സ്കൂളിലേക്ക് നടക്കും. നേരം വൈകിയാൽ മാത്രം ഓട്ടോ പിടിക്കും. ജീവിതം സന്തോഷത്തോടെ മുന്നേറുന്നു. എം. . എസിലെ പഴയ പല കൂട്ടുകാരും വിളിക്കാറുണ്ട്. പലപ്പോഴും കാണുകയും ഏറെനേരം സംസാരിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയാണ് ഒരു മീറ്റപ്പിനെ കുറിച്ച് ചർച്ച വന്നത്. ചർച്ച ക്ലാസ് ഗ്രൂപ്പിലേക്ക് നീണ്ടു. എല്ലാവർക്കും പങ്കെടുക്കാൻ പറ്റുന്ന ഒരു ദിവസം കണ്ടെത്തി. നാട്ടിലും വിദേശത്തും ഉള്ളവരിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ ലിസ്റ്റ് എടുത്തു. മീറ്റപ്പിന്റെ കാര്യപരിപാടികൾ തയ്യാറായി. ഉച്ചഭക്ഷണം, ചായ, ലഘൂകടി, കുടിവെള്ളം, സൗണ്ട് സിസ്റ്റം, ബാഡ്ജ്, മെമെന്റോ...  അങ്ങനെ ഓരോന്നിനും ഓരോ കമ്മിറ്റികൾ. ഓരോ കമ്മിറ്റിയെയും നയിക്കാൻ ലീഡർമാർ. എല്ലാ ഗ്രൂപ്പ് അംഗങ്ങളും അന്നേ ദിവസത്തെ മറ്റ് പരിപാടികൾ മാറ്റിവെച്ച്  സംഗമത്തിൽ പങ്കെടുക്കാനായി തയ്യാറെടുപ്പുകൾ നടത്തി.

സെപ്റ്റംബർ നാലാം തീയതി സിന്ധുവിന്റെ അച്ഛനമ്മമാരുടെ വിവാഹ വാർഷികമാണ്. സമ്മാനങ്ങൾ കൊടുത്തും ആശംസകൾ അറിയിച്ചും ദിവസം എന്നും സിന്ധുവിന്റെ മനസ്സിൽ സന്തോഷം നിറച്ചിരുന്നു. അതേ ദിവസം തന്നെയാണ് എൽദോയുടെ ജന്മദിനവും. ഒന്ന് രണ്ട് തവണ അവൻറെ എഫ്ബി പേജിൽ ആശംസകൾ നേർന്നിട്ടുണ്ട്. എൽദോ അത് ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. എത്രയോ പേർ അങ്ങനെ  ആശംസിക്കുന്നുണ്ടാവും. ഇത്തവണ നല്ലൊരു മെസ്സേജ് എഴുതി തയ്യാറാക്കി തന്നെ പോസ്റ്റ് ചെയ്യണം എന്ന് അവൾ നിശ്ചയിച്ചു. മീറ്റപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഒന്നിനും അല്ലാതിരുന്നിട്ടും വെറുതെ ഒന്ന് കാണണമെന്ന് കലശലായ മോഹം അവളുടെ ഉറക്കംകെടുത്തി. അത്യപൂർവ്വമായ സമാഗമ ദിവസത്തിനായി ഒരു ക്ലാസ് മുഴുവൻ അക്ഷമയോടെ കാത്തിരുന്നു.

സെപ്റ്റംബർ നാലിന് എന്തെന്നില്ലാത്ത സന്തോഷത്തോടെയാണ് സിന്ധു രാവിലെ എഴുന്നേറ്റത്. അത്യാവശ്യ കാര്യങ്ങൾ എല്ലാം വേഗത്തിൽ ചെയ്തുതീർത്തു. ഫോണെടുത്ത് അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു. രണ്ടുപേരും മനോഹരമായി ചിരിച്ചു നിൽക്കുന്ന, ഒരു സന്തോഷ നിമിഷത്തിന്റെ ഫോട്ടോ മൊബൈലിന്റെ ഗ്യാലറിയിൽ നിന്നും തപ്പിയെടുത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു. ഇനി എൽദോയുടെ വാളിൽ കയറി ജന്മദിനാശംസകൾ നേരണം. അത് അല്പം മനോഹരമായ വരികൾ ആവണമെന്ന് അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. വാക്കുകൾക്കായി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലാസ് ഗ്രൂപ്പിൽ നിറയെ മെസ്സേജുകൾ വന്നു കിടക്കുന്നതായി അവളുടെ ശ്രദ്ധയിൽപ്പെട്ടു. തുറന്നു നോക്കിയപ്പോൾ ആദ്യം കാണുന്നത് സന്തോഷിന്റെ ഒരു വോയിസ് നോട്ട് ആണ്.

'സുഹൃത്തുക്കളെനമ്മുടെ പ്രിയ സുഹൃത്ത് എൽദോ രാവിലെ ബാഡ്മിൻറൺ കളിക്കാൻ പോയതായിരുന്നു. കളികഴിഞ്ഞ് ജോഗ്ഗിങ് ചെയ്തുകൊണ്ടിരിക്കെ തളർന്നുവീണു. അവൻ ബാംഗ്ലൂരാണ് ഉള്ളത്. കിട്ടിയ വിവരം പ്രതീക്ഷക്ക് വകയുള്ളതല്ല'.

പതറിയ സ്വരത്തിൽ നിർത്തി നിർത്തിയാണ് സന്തോഷിന്റെ സംസാരം. കാര്യമായ എന്തോ അപകടം പറ്റിയിട്ടുണ്ട്. താഴെയുള്ള കമന്റുകൾ നോക്കിയപ്പോൾ അവൻറെ എഫ്ബി പേജ് നോക്കാൻ ആരോ പറയുന്നു. പിന്നീടുള്ള കമൻറുകൾ ഒന്നും അവൾ നോക്കിയില്ല. തലക്കകത്ത് എന്തോ തിളച്ചു മറിയുന്നു. അവൾക്കൊന്നും കാണാനും കേൾക്കാനും ചിന്തിക്കാനും കഴിയുന്നില്ല. ഉറക്കെ പൊട്ടിക്കരയാൻ ആണ് അവൾക്ക് അപ്പോൾ തോന്നിയത്. എൽദോയുടെ ഫേസ്ബുക്ക് പേജ് തുറന്നപ്പോൾ നീണ്ടുപോകുന്ന ആർ..പി മെസേജുകളും, കണ്ണുനീർ ഇമോജികളും, റോസാപ്പൂ സ്റ്റിക്കറുകളും. ഇനി എന്താശംസിക്കണം. അവളുടെ കൈകാലുകൾക്ക് ബലക്ഷയം ഉണ്ടായി. റൂമിൽ പോയി വാതിലടച്ച് കട്ടിലിൽ ഇരുന്നുതാൻ വലിയൊരു ശൂന്യതയിൽ ചെന്ന് പെട്ടത് പോലെ ഒരു തോന്നൽ.

ഉച്ചയോട് അടുത്ത് മക്കൾ വന്നു വിളിച്ചപ്പോൾ ആണ് അവൾ എഴുന്നേറ്റത്. ഉടൻ ഫോൺ എടുത്ത് ക്ലാസ് ഗ്രൂപ്പ് തുറന്നു. അവിടെ എൽദോയെ കാണാൻ പോകുന്ന ചർച്ച നടക്കുന്നു. ബാംഗ്ലൂരിൽ നിന്നും ബോഡിയെത്താൻ സമയമെടുക്കും. സംസ്കാരം നാളെ 11 മണിക്ക്  കാഞ്ഞിരപ്പുഴ സെൻറ് തോമസ് ചർച്ചിലാണ്ആർക്കൊക്കെ പോകാൻ കഴിയും? 'ഞാൻ വരുന്നുണ്ട്' സിന്ധു പറഞ്ഞു. വേറെ പലരും പോവാൻ സന്നദ്ധത അറിയിച്ചു. അവളുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും രാത്രിയുമായിരുന്നു അന്നത്തേത്. പിറ്റേന്ന് രാവിലെ സുഹൃത്തുക്കൾ കാറുമായി വന്നു. ശോകമൂകമായിരുന്നു  യാത്ര. എല്ലാവരുടെയും മുഖത്ത് ദുഃഖം തളംകെട്ടി നിൽക്കുന്നു. കാഞ്ഞിരപ്പുഴയിലെ അവന്റെ വീട് എത്തുന്നതുവരെ ആരും ഒന്നും സംസാരിച്ചില്ല. കാറിൽ നിന്നിറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന മകളുടെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു. വീട്ടിനകത്തും പുറത്തും ജനങ്ങൾ തിങ്ങിക്കൂടി നിൽക്കുന്നു.

ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും തിങ്ങിനിറഞ്ഞ വീട്ടിലേക്ക് സിന്ധുവും കൂട്ടുകാരും കയറി. എത്രയോ കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു നോക്ക് കാണാൻ കൊതിച്ച് ഒടുവിൽ അവൻറെ അരികത്ത് എത്തിയപ്പോൾ അവൻ അണിഞ്ഞൊരുങ്ങി യാത്രക്ക് തയ്യാറായിരിക്കുന്നു. കാറ്റിൽ പാറി ഉലയുന്ന നീളൻ മുടികളും, നീണ്ടു മെലിഞ്ഞ വിരലുകളും നിലാവ് പോലത്തെ മന്ദഹാസവും… കാലം കഴിഞ്ഞിട്ടും അവളുടെ മനസ്സിൽ മായാതെ നിന്ന എൽദോ ചിത്രങ്ങൾ ആയിരുന്നു. ഇന്നിപ്പോൾ പൂക്കൾ കൊണ്ട് തലയും മുടിയും മൂടി, വെളുത്ത കൈയുറകൾ കൊണ്ട് വിരലുകൾ മറച്ച്, ഒരു കുഞ്ഞു കുരുശം പിടിച്ച് കൈകൾ കോർത്ത് നെഞ്ചിൽ വച്ച് കിടക്കുന്നു. പഴയ മന്ദഹാസം മാത്രം ചുണ്ടുകളിൽ ബാക്കിനിൽക്കുന്നു. കരഞ്ഞു തളർന്നിരിക്കുന്ന ആലീസിന്റെ അടുത്ത് ചെന്നിരുന്ന് അവളുടെ കൈകൾ ചേർത്ത് പിടിച്ചുആര് ആരെയാണ് ആശ്വസിപ്പിക്കുന്നത് എന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു.

തിങ്ങി കൂടിയ ജനങ്ങളും ഇടറി വീഴുന്ന പ്രാർത്ഥനാ ഗീതങ്ങളും വീട് നിറഞ്ഞൊഴുകുന്ന ധൂപ ചുരുളുകളും എന്താണെന്നോ എന്തിനാണെന്നോ പോലും അറിയാത്ത, പറക്കമുറ്റാത്ത  അവൻറെ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് സ്നേഹ വാത്സല്യങ്ങളോടെ സിന്ധു ചുംബിച്ചുഅതുവരെയും ഉള്ളിൽ ഒതുക്കിപ്പിടിച്ചിരുന്ന വികാരങ്ങളൊക്കെയും അപ്പോൾ പുറത്തേക്ക് പൊട്ടിച്ച് ചിതറി. വിതുമ്പൽ അടക്കാൻ പാടുപെടുന്ന സിന്ധുവിന്റെ കാതുകളിൽ അപ്പോൾ മന്ത്രങ്ങൾ അലയൊലി കൊണ്ടു

"ചൊല്ലുക മർത്യ നീ
എന്തിന് കരയുന്നു...
വ്യാകുല മാനസനായ്
എന്തിനു നീറുന്നു ....
തിരമാലകളാൽ തിങ്ങിമറിഞ്ഞ്
ഇളകും കടൽ പോലെ..."
 
                      

ചിരട്ടക്കനലിൽ കുന്തിരിക്കം പുകയുന്ന ധൂപക്കുറ്റികൾ വീശി ആൾത്താര ബാലന്മാർ അവൻറെ യാത്രാ വഴികളെ സുഗന്ധ പൂരിതമാക്കി. വേണ്ടപ്പെട്ടവരെല്ലാം അന്ത്യ ചുംബനങ്ങൾ അർപ്പിച്ച് കുന്തിരിക്കവും സുഗന്ധദ്രവ്യങ്ങളും വിതറിയ മഞ്ചത്തിലടക്കി കല്ലറയിലേക്ക് ഇറക്കി വെച്ചപ്പോൾ മാലാഖമാർ മുട്ടുകുത്തി, കൈകൾ ഉയർത്തി അവനെ സ്വീകരിച്ചു

"കർത്താവേ മരിച്ചവരെ നീ കരുണാപൂർവ്വം ജീവിപ്പിക്കേണമേ... ജീവിക്കുന്നവരെ ദയാപൂർവ്വം പരിപാലിക്കേണമേ... ഉത്ഥാനം പ്രതീക്ഷിച്ച് മരണമടഞ്ഞവരെ മഹിമയോടുകൂടി ഉയർപ്പിക്കേണമേ… ആമേൻ".

എൽദോസിന്റെ വേർപാടിൽ തകർന്നു പോയ ആലീസിനെ കൈപ്പിടിച്ച് ഉയർത്താൻ സിന്ധു പരിശ്രമിച്ചു കൊണ്ടേയിരുന്നു. അവൻറെ മക്കളുടെ വളർച്ചയിൽ കൂടെ നടന്നു. തളർന്നിരിക്കുമ്പോളെല്ലാം  ആലീസിന് തണലായി ചാരത്തെത്തി. കുട്ടികളുടെ പഠനവും ആലീസിന്റെ ജോലിയും, ജീവിതം തിരിച്ചു പിടിക്കാനുള്ള പരിശ്രമങ്ങളും ഒക്കെയായി വർഷങ്ങൾ കടന്നുപോയി. ആലീസിന്റെയും കുട്ടികളുടെയും കൂടെ ഒരു നിഴലായി വിളിപ്പുറത്ത് എന്നും സിന്ധു ഉണ്ടായിരുന്നു. അവൻറെ എട്ടാമത്തെ ചരമ വാർഷിക ദിവസം സിന്ധു ആലീസിന്റെ കൂടെ എൽദോയുടെ കല്ലറയിൽ പ്രാർത്ഥിക്കാൻ പോയി. പള്ളിയിലേക്ക് നടന്നുകൊണ്ടിരിക്കെ ആലീസ് ഒരു നിമിഷം വഴിയിൽ നിന്നു. പിന്നെ സിന്ധുവിനോട് ചോദിച്ചു:

"നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ എന്റെ കൂടെ നിന്ന് ഞങ്ങളെ സഹായിക്കുന്നത്?"

  ചോദ്യം സിന്ധു കുറെ നേരത്തെ പ്രതീക്ഷിച്ചതായിരുന്നു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. ആലീസിന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു. എൽദോസിന്റെ കല്ലറക്ക് മുന്നിൽ നിന്ന് നെഞ്ചിൽ കുരിശു വരച്ച് കൈകൾ കൂപ്പി ആലീസ് കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. സിന്ധു ബാഗിൽ കരുതിയിരുന്ന പാതി വിടർന്ന ഒരു ചുവന്ന റോസാപ്പൂവ് എടുത്ത് കല്ലറയിൽ വെച്ച് കൈക്കൂപ്പി നിന്നുആലീസ് പ്രാർത്ഥന കഴിഞ്ഞ് കണ്ണുകൾ തുറന്നപ്പോൾ അവളുടെ രണ്ട് കൈകളും ചേർത്ത് പിടിച്ച് സിന്ധു പറഞ്ഞു:

"ഇത്രയും കാലം ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു എനിക്ക് എൽദോസിനോട്. അവനോട് പോലും പറഞ്ഞിട്ടില്ലാത്ത ഇഷ്ടം ഇപ്പോൾ അവന്റെ കല്ലറയെ സാക്ഷി നിർത്തി ഞാൻ നിന്നോട് പറയുന്നുവഴിയിൽ വച്ച് നീ ചോദിച്ച ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ്".

പറയാതെ പോയ പ്രണയം ഒരു മഹാ വേദനയാണ്..! ആലീസ് ഒരു നിമിഷം സിന്ധുവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. പിന്നെ സിന്ധുവിനെ തൻറെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഗാഢമായ ആലിംഗനത്തിൽ ചെയ്തു.

പാലക്കാട് എത്തിയപ്പോൾ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് അന്ന് ട്രെയിൻ നിർത്തിയത്. വാതിൽ പടിയിൽ  നിൽക്കുന്നവരെ വകഞ്ഞു മാറ്റി പുറത്തിറങ്ങി. ബസ് സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ പടികൾ കയറി മേൽപ്പാലത്തിലൂടെ നടക്കണം. തന്റെ കാലുകൾക്കും ഹൃദയത്തിനും സാധാരണത്തേതിൽ കവിഞ്ഞ ഭാരം ഉള്ളത് പോലെ അയാൾക്ക് തോന്നി. മറ്റു യാത്രക്കാർക്ക് വഴിമാറി കൊടുത്ത് പടികളുടെ സൈഡ് ചേർന്ന് കൈവരിയിൽ പിടിച്ച് അയാൾ സാവകാശം ഓരോന്നോരോന്നായി പടികൾ കയറി. മേൽപ്പാലത്തിന് മുകളിലെത്തിയപ്പോൾ ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങുന്നത് നോക്കി നിന്നു. സ്റ്റേഷനും പ്ലാറ്റ്ഫോമും കഴിഞ്ഞ് ഇരുട്ടുമൂടിയ അനന്തതയിലേക്ക് ട്രെയിൻ ഇഴഞ്ഞു നീങ്ങി. അവസാന ബോഗിയോടൊപ്പം ഒരു ചുവന്ന നക്ഷത്രം ഇരുളിലേക്ക് മറയുന്നതായി അയാൾ നോക്കി കണ്ടു.